ന്യൂഡൽഹി: ഗ്രേറ്റ് നിക്കോബാർ പദ്ധതിയിലെ സുതാര്യതക്കുറവും പാരിസ്ഥിതിക ആഘാത പഠനങ്ങളിലെ പോരായ്മകളും ചൂണ്ടിക്കാട്ടി കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവിന് കത്തയച്ച് കോൺഗ്രസ്.
പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ പാരിസ്ഥിതിക ആഘാത വിലയിരുത്തലുകൾ തികച്ചും അപൂർണ്ണമാണെന്നും പരിസ്ഥിതി മന്ത്രാലയത്തിന്‍റെ തന്നെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണെന്നും കോൺഗ്രസ് കത്തിൽ ആരോപിക്കുന്നു.
പദ്ധതിക്ക് അനുമതി നൽകിയതിനുശേഷം പരസ്യപ്പെടുത്തേണ്ട ആറുമാസത്തെ കംപ്ലയൻസ് റിപ്പോർട്ടുകളോ പദ്ധതി മേൽനോട്ട കമ്മിറ്റി യോഗങ്ങളുടെ വിവരങ്ങളോ കേന്ദ്ര സർക്കാർ കൃത്യമായി പുറത്ത് വിട്ടിട്ടില്ല.
നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട പല സുപ്രധാന പഠനങ്ങളും പൂർത്തിയാകാതെ പദ്ധതിയ്ക്ക് അനുമതി നൽകിയ കേന്ദ്ര സർക്കാർ നിലപാടിനെ കോൺഗ്രസ് ചോദ്യം ചെയ്തു.
പദ്ധതിയുടെ ഭാഗമായി ഏകദേശം 16,000 പവിഴപ്പുറ്റുകൾ മാറ്റി സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ പദ്ധതിയിടുന്നുണ്ട്. ഇതിനായുള്ള പരിസ്ഥിതി അനുമതി ആവശ്യപ്പെട്ട് സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ ആൻഡമാൻ നിക്കോബാറിലെ പരിസ്ഥിതി വകുപ്പിന് കത്ത് കൈമാറി.
എന്നാൽ ഈ നിർദേശം പ്രായോഗികമല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് കേന്ദ്ര മന്ത്രിയ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. നിലവിൽ പദ്ധതിയുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ട് ജനങ്ങൾക്ക് ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.